ലണ്ടൻ: ലണ്ടന് വടക്ക് ബെഡ്‌ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 89 പേർക്ക് പരിക്കേറ്റതായും അവരിൽ 11 പേരുടെ നില അതീവ ഗുരുതരമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ (EMR) രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലണ്ടൻ സെന്റ് പാൻക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന്
തകർന്ന റെയിൽവേ കോച്ചുകൾക്ക് സമീപം പരിഭ്രാന്തരായ യാത്രക്കാർ ട്രാക്കിൽ നിൽക്കുന്ന
ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ ഉന്നതതല
അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തവിവരമറിഞ്ഞ് വൻ സജ്ജീകരണങ്ങളോടെയുള്ള
രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. എയർ ആംബുലൻസും ഹസാർഡസ് ഏരിയ റെസ്‌പോൺസ്
ടീമും (HART) അടക്കമുള്ള വലിയൊരു സന്നാഹത്തെ
പരിക്കേറ്റവരെ സഹായിക്കാനായി നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ്
വ്യക്തമാക്കി. ബെഡ്‌ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും പ്രദേശത്ത് സജീവമായി
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
അപകടത്തെ
തുടർന്ന് ഈ റൂട്ടിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലൂട്ടണും ബെഡ്‌ഫോർഡിനും
ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന്
റെയിൽവേ അധികൃതർ അറിയിച്ചു. പാതയിലെ തകരാറുകൾ പരിഹരിച്ച് ഗതാഗതം
പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ബ്രിട്ടനിൽ
ട്രെയിൻ അപകടങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കാറുള്ളത്. ഇതിനുമുമ്പ് 2023 സെപ്റ്റംബറിൽ സ്കോട്ട്‌ലൻഡിലെ
ഏവിയാമോർ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഏതാനും പേർക്ക്
പരിക്കേറ്റിരുന്നു. അതിനു മുൻപ് 2020 ഓഗസ്റ്റിൽ സ്കോട്ട്‌ലൻഡിലെ
സ്റ്റോൺഹാവന് സമീപം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ട്രെയിൻ പാളം തെറ്റി
മൂന്ന് പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് നെറ്റ്‌വർക്ക്
റെയിലിന് കോടതി 6.7 മില്യൺ പൗണ്ട് പിഴ ചുമത്തുകയും
ചെയ്തിരുന്നു.
